Saturday, July 3, 2010

ദൈവ ചിത്രങ്ങള്‍ - കാലങ്ങളിലൂടെ

ചില ചിത്രങ്ങള്‍ കൊടുക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത് നമ്മുടെ ദൈവ സങ്കല്പനങ്ങളുമായുള്ള ഈജിപ്ത്യന്‍ ദൈവങ്ങളുടെ സമാനത കാണിക്കുന്നതിനാണു. അതോടൊപ്പം തന്നെ കാലങ്ങള്‍ക്കനുസരിച്ച വ്യത്യാസങ്ങള്‍ ഒരേ ദൈവങ്ങളില്‍ സന്നിവേഷിപ്പിക്കുന്നതും എടുത്ത് കാണിക്കാനാണു. അവസാന കാലഘട്ടങ്ങളഅകുമ്പോഴേക്കും ദൈവങ്ങള്‍ അന്നത്തെ സാമൂഹിക ചിത്രങ്ങള്‍ക്കനുസരിച്ച് വേഷം മാറുന്നതും നമുക്ക് കാണാനാകുന്നു.


മൂര്‍ഖന്‍ ദൈവത്തിന്റെ പേര്‍ വാദ്ജെറ്റ് എന്നാണു. രാജഭരണകാലം ആരംഭിക്കുന്നതിനു മുമ്പേ ആരാധിക്കപ്പെട്ടിരുന്നു. ഈജിപ്തിന്റെ സമ്രക്ഷകനായാണു അവതരിക്കപ്പെടുന്നത്. നെഖ്ബത് തുടങ്ങിയ മറ്റു ദേവതകളുമായി കൂടിയും കാണാറുണ്ട്. ജീവിതവുമായി കൂടുതല്‍ ബന്ധമുള്‍ലതിനാലാവാം പിരമിഡുകളില്‍ ഇതിന്റെ സ്വാധീനം കുറവാണു.വദ്ജെറ്റ്- ദേവന്‍ മൂര്‍ഖന്‍ പാമ്പായാണു ചിത്രീകരിക്കുന്നത്. ഹരിതം എന്നാണ് പദത്തിന്നര്‍ത്ഥം. ഈജിപ്തിലെ സര്‍പ്പ ദൈവങ്ങളില്‍ പ്രധാന ദേവതയാണു വദ്ജെറ്റ്.





__________________________________________________________-----------------




സെര്‍കെറ്റ് - തേള്‍ ദൈവമാണു. പക്ഷെ ശമനദേവതയായാണു സെര്‍കെറ്റ് ആരാധിക്കപെട്ടത്. സ്വന്തമായും മറ്റു ദേവതകള്‍ക്കൊപ്പവും ഇതിന്റെ ചിത്രങ്ങളുണ്ട്. രാജാക്കന്മാരുടെ സം‌രക്ഷകനായി പല ലിഖിതങ്ങളിലും സെര്‍കെറ്റിന്റെ പേരു പ്രത്യക്ഷപ്പെടുന്നു. ഇസിസ്, നെഫ്തസിസ്,നീത് എന്നീ ദേവതകള്‍ക്കൊപ്പം ഇതിനെ ശവപ്പെട്ടികളില്‍ മുദ്രണം ചെയ്തതായി കാണാം. ശ്വസനത്തിന്റെ കാരണക്കാരി എന്നാണ് പദത്തിന്നര്‍ത്ഥം. ചില കാലഘട്ടങ്ങളില്‍ അമ്മദൈവമായും കാണപ്പെടുന്നു. പിരമിഡ് ലിഖിതങ്ങളില്‍ രാജാവിന്റെ ശുശ്രൂഷകയുടെ റോളുമുണ്ട്. തലയില്‍ ഒരു തേളിന്റെ കിരീടവുമായി നില്‍ക്കുന്ന ഒരു സ്ത്രീയായാണു ഇത് മിക്കവാറും ചിത്രീകരിക്കുന്നത്. ഒന്നാം രാജകുടുമ്പം മുതല്‍ സെര്‍കെറ്റ് ആരാധിക്കപ്പെട്ടിരുന്നു.


---------------------------------------------------------------------------------



ആടിന്റെ തലയുമായുള്ള ദേവതകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണു ഖുനും. നൈലുമായും ഉത്പത്തിയുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. നൈലിന്റെ ദൈവമെന്ന നിലയില്‍ ഖുനും മുതലകളുടെ ദേവനും കൂടിയാണു. പകുതിമനുഷ്യനില്‍ ആടിന്റെ തലയുമായാണു ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. മനുഷ്യനെ കടഞ്ഞെടുക്കുന്ന ഖുനുമിന്റെ ചിത്രങ്ങള്‍ സന്താനധാരണവുമായി ഇതിനെ ആരാധിക്കപ്പെട്ടിരുന്നു എന്നതിനുള്ള തെളിവാണു.
-------------------------------------------------------------------------




സൂര്യദൈവങ്ങളില്‍ പെട്ടതാണു ഖെപ്രി- കിഴക്കന്‍ ചക്രവാലത്തില്‍ നിന്നും ഉദിച്ചുയരുന്ന സൂര്യനെയാണു ഇത് പ്രതിനിധീകരിക്കുന്നത്. ഒരു വണ്ടിന്റെ രൂപമാണ് ഖെപ്രിക്കുള്ളത്. സൂര്യദേവന്റെ ത്രിത്വവുമായാണു ഖെപ്രി ബന്ധപ്പെട്ടിരിക്കുന്നത്. പ്രഭാതത്തില്‍ ഖെപ്രി, റെ മധ്യാഹ്നത്തില്‍, ഓട്ടം വൈകിയുമായാണു വിശദീകരിക്കപ്പെട്ടിരിക്കുന്നത്. ഈജിപ്തിലെ പ്രധാന ദൈവങ്ങളില്‍ ഒന്നാണു ഖെപ്രി. വികസിക്കുക എന്നതാണു ഖെപ്രിയുടെ വാക്കര്‍ത്ഥം. ഓട്ടമുമായി കൂട്ടി ചേര്‍ത്ത് ഓട്ടം- ഖെപ്രി മുഴുവന്‍ ദിവസത്തെയും കണക്കാക്കാറുണ്ട്.
---------------------------------------------------


മരണദേവതകളില്‍ പ്രധാനിയായിരുന്നു അനുബിസ്. അഴുകുക,ചീയുക എന്നെല്ലാമാണു വാക്കര്‍ത്ഥം. രാജാക്കളുടെ മകന്‍ എന്ന വാക്കുമായും ബന്ധപ്പെട്ടിരിക്കുന്നു. ഒരു പക്ഷെ അഴുകുന്നത് തിന്നുന്ന കുറുക്കന്റെ സ്വഭാവമാകാം ഇതിനെ പ്രതിനിധീകരിക്കുന്നത് കുറുക്കനാണു. രാജാക്കളുടെ മരണ ലിഖിതങ്ങളില്‍ ഇത് പലതവണ പിരമിഡുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.പുരാതന രാജകാലഘട്ടത്തില്‍ മരണാനന്തര ചടങ്ങുകളില്‍ അനുബിസിനോട് നേരിട്ടായിരുന്നു പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നത്. മമ്മിയായി സൂക്ഷിക്കുന്ന ചടങ്ങുകളില്‍ അനുബിസിന്റെ സാന്നിദ്ധ്യമുണ്ട്.

____________________________________________________________


ഹരോണ്‍ കാനോന്‍ ദൈവമാണു. കാനോണ്‍ ദൈവം എങ്ങിനെ ഈജിപ്ത്യന്‍ ദൈവങ്ങളിലിടയില്‍ സ്ഥാനം പിടിച്ചു എന്നതില്‍ വ്യക്തതയില്ല. ഈജിപ്തിലെ അടിമ വംശവുമായി ബന്ധപ്പെട്ടാണു ഹാരോണ്‍ ഈജിപ്തിലേക്കെത്തുന്നത് എന്നാണ് അനുമാനിക്കുന്നത്. ബൈബിളില്‍ മോശയുടെ സഹോദരനായി ഹാരോണ്‍ വരുന്നുണ്ട്. ഗിശയിലെ സ്ഫീനക്സുമായി ലിഖിതങ്ങളിലുണ്ടെങ്കിലും ഇതെങ്ങിനെ വന്നു എന്നതിനെ കുറിച്ച് വിശദീകരണമില്ല. സ്ഫിങ്ക്സ് നിര്‍മിച്ച സിറിയന്‍ ജോലിക്കാരില്‍ നിന്നുമായിരിക്കാമെന്നു കരുതുന്നു.ഹാരോണിന്റെ വീട് എന്ന പേരില്‍ ഒരാരാധനാലയം നവീന രാജകാലഘട്ടത്തില്‍ ഗിസയിലുണ്ടായിരുന്നു.പത്തൊമ്പതാം രാജകുടുമ്പ കാലഘട്ടത്തില്‍ റംസീസ് രണ്ടാമനുമായി നില്‍ക്കുന്ന ഹാരോണിന്റെ ഫാല്‍ക്കന്‍ രൂപത്തിലുള്ള ഒരു പ്രതിമ- കൈറോ മ്യൂസിയത്തില്‍ നിന്നും.

____________________________________________________




മനുഷ്യമുഖമുള്ള ഹാതര്‍- ഇരുപത്തിയാറാം രാജകുടുമ്പകാലത്തെ ഒരു പ്രതിമ. ബ്രിട്ടിഷ് മ്യൂസിയത്തില്‍ നിന്നും.




ഹാതര്‍ പശുവിന്റെ രൂപത്തില്‍
--------------------------------------------------------------------------------------------------------



സുഗന്ധങ്ങളുടെ രാജ്ഞി
അഭിവന്ദ്യ ഉത്കൃഷ്ട
ഇരു രാജ്യങ്ങളും അങ്ങേക്കരികില്‍

ഈജിപ്തിലെ ഏറ്റവും പ്രശസ്തിയാര്‍ന്ന ദേവതയെ വര്‍ണ്ണിക്കുന്ന വരികളാണിവ.ആദ്യകാലം മുതലേയുള്ള ഒരു ദേവതയാണു ഹാതര്‍.ഹോറസിന്റെ ഭാര്യയോ അമ്മയോ ആണു ഹതര്‍.സ്വാന്താനത്തിന്റെ ദേവതയയാണു ഈ റോളില്‍ ഹാതറിനുള്ളത്. ഹോറുസിന്റെ ഭാര്യ എന്ന നിലയില്‍ ആകാശദേവതയായും ഹാതര്‍ ആരാധിക്കപ്പെട്ടിരുന്നു. ആകാശഗംഗയുടെയും നിശായാകാശത്തിന്റെയും ദേവതയായി ഹാതര്‍ കണ്ടുവന്നിട്ടുണ്ട്.കൂടാതെ സൂര്യദേവന്‍ റെ എന്ന ദൈവത്തിന്റെ മകളായും ഭാര്യയ്യയും കണ്ണായും ഹാതറുണ്ട്. പുരാതന രാജ കുടുമ്പകാലത്താണീ രീതിയില്‍ ആരാധിക്കപ്പെട്ടത്,വളരെ ചുരുക്കമായി പശുവിന്റെ രൂപത്തില്‍ ഹാതറിനെ കാണാം. ഒന്നാം രാജകുടുമ്പ കാലത്താണു ഈ രീതിയില്‍ കാണുന്നത്. സ്ത്രൈണതയുടെയും മാതൃത്വത്തിന്റെയും സ്ത്രൈണരതിയുടെ ദേവതയായും ഹാതറിനെ കാണാം. ഹാതെറിന്റെ ഒരു വിശേഷണം യോനികളുടെ ദേവത എന്നാണു. അതേ സമയം ഹാതര്‍ മാതൃത്വത്തെയും പ്രതിനിധീകരിക്കുന്നു. രാജാക്കന്മാരുടെ പത്നി എന്ന പദവിയും ഹാതര്‍ വഹിക്കുന്നു. നാലാം രാജ കുടുമ്പകാലത്താണീ രീതിയില്‍ കാണപ്പെട്ടിരുന്നത്.
--------------------------------------------------------------------------------------------------------





നവദേവന്മാര്‍- ഹോറസ് രാജാവായി-പതിനെട്ടാം രാജവശത്തിലെ ചിത്രം- കൈറോ മ്യൂസിയം ഈജിപ്ത്.
________________________________________________________________________








റമിന്റെ തലയുള്ള വണ്ടും നാലു തലയുള്ള റമും. കാറ്റിന്റെ ദേവത. ഈജിപ്തിലെ ദാറുല്‍ മദിന അമ്പലത്തില്‍ നിന്നും


---------------------------------------------------





- രണ്ട് രാജ്യങ്ങളുടെയും അധിപ, ഗ്രേറ്റ് റംസസ്സിന്റെ പ്രസിദ്ധയായ രാജ്ഞി എന്നീ വിശേഷണങ്ങളുള്ള നെഫര്‍തരി രാജ്ഞി (Nefertari) ഹാത്തര്‍ സര്‍കെറ്റ് മാത് ദേവതകള്‍ക്ക് മധുപാനനിവേദ്യം നല്‍കുന്നു. കാലം : പത്തൊമ്പതാം രാജവംശം. നെഫര്‍തരിയുടെ ശവകുടീരത്തില്‍ നിന്നുമുള്ള ചിത്രം





___________________________________________________________________________



രാജഭരണമാരംഭിക്കുന്നതിനു മുമ്പോ അതെല്ലെങ്കില്‍ ആദ്യ രാജ്യഭരണ കാലഘട്ടത്തിലോ തന്നെ ഹാതര്‍ ആരാധിക്കപ്പെട്ടിരുന്നു. സ്നേഹത്തിന്റെ മാതൃത്വത്തിന്റെയും ദേവതയായിരുന്ന ഹാത്തറിനെ രാജാക്കരും ജനഗ്ങളും ആരാധിച്ചു. പിരമിഡുകളില്‍ ഹാത്തറിന്റെ പേരു ധാരാളമായി ഉപയോച്ചിട്ടുണ്ട്.
ഹോറസിന്റെ അമ്മയോ അതെല്ലെങ്കില്‍ ഭാര്യയോ ആയാണു ഹാതറിനെ കണക്കാക്കുന്നത്. ചില കാലഘട്ടങ്ങളില്‍ ആകാശ ദേവതയായും, മറ്റു ചില ലിഖിതങ്ങളില്‍ റേ യുടെ ഭാര്യയോ മകളൊയായും കണ്ടു വരുന്നു. സ്ത്രീത്വത്തിന്റെയും സ്ത്രീ ലൈഗികതയുടെയും ദേവതയായും ഹാത്തര്‍ ആരാധിക്കപ്പെട്ടിരുന്നു. ഹാത്തര്‍ ചിലപ്പോള്‍ യോനിയുടെ ദേവത എന്നും വിളിക്കപ്പെട്ടിട്ടുണ്ട്.
ഈജിപ്തിനു പുറമെ ഹാത്തര്‍ ബാബിലോണിയയിലും ലബനാനിലും ആരാധിക്കപ്പെട്ടിരുന്നു. കൂടാതെ മരണാനന്തര ജീവിതത്തിലെ ദേവതയായും ഹാത്തറിനെ കരുതുന്നു.




ഒന്നാം നൂറ്റാണ്ടിലെ ഹോറസ് റൊമന്‍ സൈനികവേഷത്തിലുള്ള ഒരു പ്രതിമ-ബ്രിട്ടീഷ് മ്യൂസിയത്തില്‍ നിന്നും








ഐസിസ് ദേവത-ഗ്രീക്ക് റോമന്‍ സ്വഭാവത്തിലുള്ള ഒരു ശില്പം- തലയിലെ കിരീടം മാത്രമാണു ഐസിസിന്റെ പ്രതീകമായുള്ളത്- കൃസ്താബ്ദം ഒന്ന്-രണ്ട് നൂറ്റാണ്ടുകള്‍ക്കു മുമ്പെന്ന് കരുതുന്നു


ദൈവങ്ങള്‍ ഇനിയുമില്ലാഞ്ഞിട്ടല്ല- വെറും ദൈവങ്ങളായി ചുരുങ്ങിമോ എന്ന ഭയപ്പാടാണു ഇതിവിടെ അവസാനിപ്പിക്കുന്നത്, ഓരോന്നിനെ കുറിച്ചുള്ള വിശദീകരണങ്ങള്‍ തന്നെ ഓരോ പോസ്റ്റ് ആയി കൊടുക്കാനുള്ള വിവരണങ്ങളോടെയാണു നമുക്കു മുമ്പിലുള്ളത്. 

Tuesday, June 1, 2010

ദൈവ ചിത്രങ്ങള്‍

ഈജിപ്ത്യന്‍ ദൈവങ്ങളിലെ ചിലവയെ ചിത്ര സഹായത്തോടെ
പരിചയപ്പെടുത്തുകയാണീ പോസ്റ്റില്‍-
__________________________________________________________________________

ഒരേ ദൈവങ്ങള്‍ തന്നെ പല കാലഘട്ടങ്ങളിലുമായി പലരൂപത്തിലും പല ഭാവങ്ങളിലുമായി പ്രത്യക്ഷപ്പെടാറുണ്ട്. മാത്രമല്ല, നിങ്ങള്‍ക്കിനി കിട്ടുന്ന വല്ല ചിത്രങ്ങളും ഇതിലെ ചിത്രവുമായി സാമ്യതയില്ലെങ്കില്‍ തെറ്റിദ്ധരിക്കേണ്ടതുമില്ല. അതിന്നര്‍ത്ഥം എല്ലാ കാലത്തും ഒരേപേരിലെ ദൈവം തന്നെ അതേ രീതിയില്‍ ആരാധിക്കപ്പെട്ടിരുന്നു എന്നല്ല, അയ്യായിരം വര്‍ഷങ്ങള്‍ക്കിടയില്‍ ഒരേ പേരിലുള്ള ദൈവം തന്നെ വൈവിധ്യരൂപങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. ഇത്രയും കാലം അവര്‍ നിലനിന്നതു തന്നെ അത്ഭുതകരമാണു. അതിനാല്‍ പലപ്പോഴായി ഇവക്കെല്ലാം കാലികമായ പുരോഗതികളും കാണാം. എങ്കിലും ഇവയുടെ അടിസ്ഥാന ചിഹ്നങ്ങളില്‍ നിന്നും മനസ്സിലാക്കിയെടുക്കാന്‍ കഴിയും. ചിത്രലിഖിതങ്ങള്‍ ഇവ അവ വ്യക്തമായും വേര്‍ത്തിരിക്കുന്നു. ഓരോ ദൈവങ്ങലുടെ പേരും നമുക്കിത്തരുണത്തില്‍ വായിച്ചെടുക്കാം.

അറ്റെം
- അറ്റെം ആദിയാണു. എല്ലാറ്റിന്റെയും ആരംഭം. ബൈബിളിലെ വചനത്തിനു സമാനമായി. അതിനാല്‍ തന്നെ പൂര്‍ണ്ണതയുടെ ദൈവം. ഈജിപ്തിലെ ശവകുടീരങ്ങളുടെ ലിഖിതങ്ങളില്‍ അറ്റെം വര്‍ണ്ണിക്കപ്പെടുന്നത് ഈ പേരിലാണു. ചിത്രങ്ങളില്‍ കാണുന്നത് പോലെ മാത്രമൊന്നുമല്ല അറ്റെമിന്റെ ചിത്രങ്ങളും പ്രതിമകളുമുള്ളത്. പല രൂപത്തിലും കാണാന്‍ കഴിയും, മനുഷ്യരൂപത്തിലും മൃഗരൂപത്തിലും ഇഴജന്തുക്കളുമായെല്ലാം അറ്റെമുണ്ട്.

പ്രപഞ്ചകസൃഷ്ടിപ്പുമായി ബന്ധപ്പെട്ട ദൈവമാണു അറ്റെം. ഏറ്റവം പഴക്കമുള്ള ദൈവങ്ങളില്‍ ഒന്ന്. നവീന രാജവശകാലത്ത് അറ്റെം വളരെ പ്രാധാന്യമുള്ള ദൈവമായി. ഈജിപ്ത്യന്‍ ദൈവങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട എട്ടു ദൈവങ്ങളിലൊന്നാണു അറ്റെം. ഗ്രീക്ക് പുരാനത്തിലെ യൂറിനോം ദേവതക്ക് സമാനമായ ഐതിഹ്യമാണ് അറ്റെം ഈജിപ്ത്യന്‍ പുരാണകഥയില്‍ വഹിക്കുന്നത്.
സമയത്തിന്റെ തുടക്കത്തിലെ അറ്റെം ഉണ്ടായിരുന്നു, പിന്നീട് തന്റെ പുരുഷേന്ദ്രിയത്തില്‍ നിന്നും ആദ്യ ദൈവത്തെ സൃഷ്ടിച്ചു- ഒരു കഥയിതാണെങ്കില്‍ മറ്റൊരു കഥയില്‍ തന്റെ ഉമിനീരില്‍ നിന്നാണു സൃഷ്ടിപ്പിന്റെ ആരംഭം. അറ്റെമിനു വേറെയും ഭാവങ്ങളുണ്ട്, മറ്റെല്ലാ ഈജിപ്ത്യന്‍ ദൈവങ്ങളെ പോലെയും. റ്റെം എന്ന വാക്കിന് മുഴുവന്‍, അവസാനം എന്നീ അര്‍ത്ഥങ്ങളുണ്ട്. നിര്‍മ്മാണോത്മകമായും നശീകരോണൊത്മകമായും.

___________________________________________

സൂര്യനുമായി വഞ്ചിയിലിരിക്കുന്ന അറ്റെം ദേവന്‍- നവീനരാജ വംശകാലത്തെ ഒരു പാപ്പിറസ് - അറ്റെം എന്ന പേര്‍ ചിത്രലിഖിത രൂപത്തിലെഴുതിയതാണു സൂര്യവൃത്തത്തിനുള്ളില്‍ ദൈവത്തിന്റെ മുന്നില്‍ കാണുന്നത്.

അറ്റെന്‍
__________________________________________



അറ്റം തന്നെയാണു അറ്റെന്‍- പക്ഷെ ഒരു സൂര്യവൃത്തമായാണ് അറ്റെന്‍ ചിത്രീകരിക്കപ്പെടുന്നത്. ഏക ദൈവ സിദ്ധാന്തത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന രൂപമാണു അറ്റെന്‍- ചിത്രത്തിലെ മുകളിലെ അറ്റെന്‍ ദൈവത്തില്‍ നിന്നും അനുഗ്രഹങ്ങള്‍ വാങ്ങുന്നത് രാജ ദമ്പതികളാണു. പതിനെട്ടാം രാജവംശത്തിലെ റ്റിടാക്കമുന്‍ ഭരണകാലത്ത് മറ്റുള്ള ദൈവങ്ങളുടെ സാന്നിദ്ധ്യം ഇല്ലായിരുന്നു. ഇതിനാല്‍ അന്ന് ഏകദൈവ വിശ്വാസമാണുണ്ടായിരുന്നതെന്ന്‍ കരുതപ്പെടുന്നു. കൈറോയിലെ ഈജിപ്ത്യന്‍ മ്യൂസിയത്തില്‍ നിന്നും.
_______________________________________________








സൂര്യകേന്ദ്രീകത പ്രപഞ്ചസങ്കല്പം മറ്റു ബഹുദൈവ വിശ്വാസങ്ങളെ പോലെ ഈജ്പ്ത്യന്‍ മിത്തുകളിലും കാണാം. ചിത്രത്തില്‍ ഭൂമിയില്‍ നിന്നും ദേവന്‍ സൂര്യനെ ആകാശത്തിലേക്കുയര്‍ത്തുന്നതാണു കാണിക്കുന്നത്- ഈജിപ്തിലെ കൈറോ മ്യൂസിയത്തില്‍ നിന്നും.
ഒരു പാപ്പിറസ് ചിത്രം

______________________________________________________________







സൂര്യദേവന്‍ റെ-ഹൊറക്തി തന്റെ ഒരു ഭക്തയെ അനുഗ്രഹിക്കുന്നു. ഇരുപത്തിരണ്ടാം രാജ വംശകാലത്തെ ഒരു ചുമര്‍ ചിത്രം - പാരീസിലെ മ്യൂസിയത്തില്‍ നിന്നും




________________________________________________________________________________

ഹോറസ്



-ഏറ്റവും പഴക്കം ചെന്ന ദേവതകളിലൊന്നാണ്. ആകാശത്തിന്റെ ദൈവം എന്ന പേരില്‍ നിന്നാണ് ഹോറസ് ഉണ്ടാകുന്നത്- ഒരു ഫാല്‍ക്കന്റെ രൂപത്തിലാണു ഹോറസ്, ഹറ് എന്ന ഈഗിപ്ത്യന്‍ വാക്കിന്നര്‍ത്ഥം ഉന്നതി എന്നാണു- ഇതില്‍ നിന്നാനു ഹോറസിന്റെ ഉത്ഭവം. ഒരു പക്ഷെ അന്നത്തെ കാലത്ത് ഏറ്റവും മുകളില്‍ പറക്കാന്‍ കഴിയുന്നത് ഫാല്‍ക്കനാകുമല്ലോ?
വലത് കണ്ണില്‍ സൂര്യനെയും ഇടത് കണ്ണില്‍ ചന്ദ്രനെയും ഉള്‍കൊള്ളുന്നു. നെഞ്ചിലും ചിറകിലും നക്ഷത്രങ്ങളെ അടയാളപ്പെടുത്തിയിട്ടുണ്ട്. രാജാധികാരത്തിന്റെ ദേവനായാണു ഹോറസ് കാണുന്നത്. ഹോറസ് ഈജിപ്ത്യന്‍ ആദ്യരാജവംശത്തില്‍ ഐസിസിന്റെ മകനായും കൂടാതെ രാജനാമങ്ങളില്‍ ഹോറസ് നാമവും ഉള്‍കൊള്ളുന്നതായതിനാല്‍ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.

ആകാശദൈവം എന്നത് പോലെ സൂര്യദേവനായും ഹോറസ് ആരാധിക്കപ്പെട്ടിട്ടുണ്ട്. പിരമിഡ് ലിഖിതങ്ങലില്‍ കിഴക്കിന്റെ ദൈവമായി എഴുതപ്പെട്ടതായി കാണാം.ഓസ്രിസ്- ഐസിസ് ദൈവ ദമ്പതികളുടെ പുത്രനായും ഗണിക്കപ്പെട്ടിട്ടുണ്ട്

ഗെബ്



ഇന്ത്യന്‍ മിതോളജിയില്‍ ഭൂമി ദേവിയാണെങ്കില്‍ ഈജിപ്തിലത് ദേവനാണു- ഗെബ്- എന്നാണു പേര്‍-പിരമിഡ് ലിഖിതങ്ങലിലെ സാധാരണയായി കാണാറുള്ള പേരാണിത്. ഭൂമിയുടെ ദേവനെന്ന നിലയില്‍ കാര്‍ഷികം, ശുദ്ധജലം എന്നിവയുമായെല്ലാം ബന്ധപ്പെടുത്തി ആരാധിച്ചു പോരുന്നു. ഈജിപ്ത് കഥാസാഗരത്തില്‍ അറ്റെമിന്റെ മകനും ഒസ്രിസിന്റെ പിതാവുമാണു. ഗെബിനു ഈജിപ്ത് രാജവാഴ്ചയുമായി ബന്ധമുണ്ട്. ഈജ്പ്ത്യന്‍ രാജാക്കന്മാര്‍ ഗെബിന്റെ അവകാശികള്‍ എന്ന സ്ഥാനപേരും വഹിച്ചിരുന്നു. ഗബ് ദേവന്‍(താഴെ) തന്റെ ഇണ നട്ടുമായി -ഇടയിലുള്‍ലത് ഷു, വായു ദേവന്‍-ഇരുപത്തിഒന്നാം രാജകുടുമ്പ കാലത്തെ ചിത്രം- പാരിസിലെ മ്യൂസിയത്തില്‍ നിന്നും.

ഷു



ഷു എന്ന വാക്കിന്നര്‍ത്ഥം ശൂന്യത എന്നാണു. അഥവാ ഉയര്‍ന്നു വരുന്നവന്‍ എന്നു. വായുവിന്റെയും സൂര്യപ്രകാശത്തിന്റെയും ദൈവമായിരുന്നു ഷു. അട്ടം എന്ന പ്രധാന ദൈവത്തിനെ മറ്റൊരു രൂപമായും (ത്രിത്വം പോലെ) ഇതിനെ ഗണിക്കുന്നു. കാലാവസ്ഥയുടെ ദേവതയായ ടെഫ്നറ്റിന്റെ പുരുഷനായി കണക്കാക്കുന്ന പുരാതന രാജവശം മുതല്‍ പ്രത്യക്ഷപ്പെടുന്നു. മറ്റൊരഭിപ്രായമനുസരിച്ച് ഷു അട്ടമിന്റ്റെ മകനാണു. തൂവല്‍ കിരീടധാരിയായാണ് ചില ബിമ്പങ്ങളില്‍ കാണുന്നത്.





ഷു ദേവന്‍ തന്റെ മകള്‍ നട്ട്- ആകാശ ദേവതയും- താഴെ ഭൂമിദേവന്‍ ഗെബുമായും




_________________________________________________________ ഷെഡ്
പുതിയ രാജകാലഘട്ടം മുതലാണു ഷെഡ് എന്ന ദേവനെ കാണുന്നത്. സം‌രക്ഷകന്‍ എന്നാണു വാക്കര്‍ത്ഥം. കാട്ടുജന്തുക്കളുടെയും മരുഭൂമിയുടെയും നദികളുടെയും അധിപനാണ് ഷെഡ്. ഹോറസുമായി ബന്ധപ്പെട്ടു ചിലപ്പോള്‍ ഹോറസിന്റെ രൂപത്തിലും കാണാം. സ്വന്തമായ അമ്പലങ്ങളൊന്നുമില്ലെങ്കിലും ഷെഡ് വളരെ ജനകീയദൈവമഅയിരുന്നു. ഹോറസ് പുത്രന്‍ എന്നും ഷെഡ് വിളിക്കപ്പെട്ടിട്ടുണ്ട്. പതിനെട്ട്-പത്തൊമ്പത് രാജകുടുമ്പ കാലത്തെ ഒരു പ്രതിമ- ഷെഡ് സര്‍പ്പം മുതല, മൃഗങ്ങല്‍ എന്നിവയുമായി ചിത്രീകരിച്ചിരിക്കുന്നു. റോമന്‍ മ്യൂസിയം
________________________________________________________________________________



അഷ്ട-ഹെ ദേവതകള്‍, ഷു-വിനോടൊപ്പം സ്വര്‍ഗ്ഗത്തിലെ വിശുദ്ധപശുവിനെ സഹായിക്കുന്നു. ഇതിലെ രണ്ടു ദേവതകള്‍ പശുവിന്റെ കാലുകള്‍ അഥവാ സ്വര്‍ഗ്ഗത്തിലെ തൂണുകളെ പരിചരിക്കുകയാണു. പതിനെട്ടാം രാജവശകാലത്തെ ചിത്രം- കൈറോ മ്യൂസിയത്തില്‍ നിന്നും-








----------------------------------------------------------------ചിത്രങ്ങള്‍ അവസാനിച്ചിട്ടില്ല

Thursday, May 20, 2010

നൈല്‍ നദീതീരത്ത് വിളഞ്ഞ ദൈവങ്ങള്‍


ചരിത്ര സ്രോതസ്സുകളുടെ ആധിക്യം ഇത്രമാത്രം എന്നെ ബുദ്ധിമുട്ടിച്ച ഒരു വായന ഈജിപ്തിയോളജിയിലല്ലാതെ ഇല്ല. അത്രമാത്രം ചിത്രങ്ങളും വിവരണങ്ങളും എന്നെ പൊതിഞ്ഞിരിക്കുന്നു. പുരാതന ഈജിപ്തിലെ ദേവീ ദേവന്മാരെ കുറിച്ചുള്ള ഒരു പിഡി-എഫ് ഫയല്‍ തന്നെ ഇരുനൂറ്റിയമ്പത്തിയേഴു പേജ്- പകുതിയോളം ചിതങ്ങള്‍ സഹിതം. തുറക്കുന്ന സൈറ്റുകളില്‍ വിവരണങ്ങളുടെ പ്രവാഹം. എന്റെ വിഷയമാകട്ടെ ഈജിപ്തിയോളജി അല്ല താനും. ഇസ്രായേല്‍ ചരിത്രവുമായി ബന്ധപ്പെട്ട  സമൂഹങ്ങളെ കുറിച്ചുള്ള ഒരു ധാരണയാണു ഈ സമൂഹങ്ങളെ പരിചയപ്പെടുത്തുന്നതിലൂടെ ഞാന്‍ ഉദ്ദേശിക്കുന്നത്. അതിനാല്‍ തന്നെ ഈ ഭാഗങ്ങളെ ഒരെത്തിനോട്ടം എന്ന രീതിയില്‍ മാത്രം കാണുക. ഈ പോസ്റ്റില്‍ ഞാന്‍ ഈജിപ്തിലെ മതങ്ങളെയും ദൈവങ്ങളെയുമാണു പരിചയപ്പെടുത്തുന്നത്.

ഈജിപ്തില്‍ ഏകദൈവവിശ്വാസം എന്നാണു രൂപപ്പെട്ടത്, ചരിത്രകാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അമേരിക്കന്‍ ഈജിപ്ത്യോളജിസ്റ്റ് ആയ James Henry Breasted, ജര്‍മന്‍ പുരാവസ്തു ഗവേഷകന്‍ Hermann Junker തുടങ്ങിയവരെപോലെയുള്ള ചിലര്‍ അഭിപ്രായപ്പെടുന്നത് ഈജിപ്ത് ഏകദൈവവിശ്വാസത്തില്‍ നിന്നും പിന്നീട് ബഹുദൈവാരാധനയിലേക്ക് പോകുകയായിരുന്നു എന്നാണു. മാത്രമല്ല നിച്ചെര്‍ (netcher), എന്ന പൊതു ദൈവ പദം ജ്ഞാനം അഥവാ ബ്രഹ്മം എന്ന അര്‍ത്ഥവുമുള്‍കൊള്ളുന്നു. പക്ഷെ ഏകദൈവ വിശ്വാസത്തിനു പല്പ്പോഴും ചരിത്രശേഷിപ്പുകള്‍ കുറവായിരിക്കും. പതിനെട്ടാം രാജകുടുമ്പത്തിലെ ഫരോവ അക്കെനാട്ടെന്‍ ബഹുദൈവാരാധനകള്‍ ഇല്ലാതാക്കുകയും അറ്റന്‍ എന്ന ഏകദൈവത്തില്‍ മാത്രം വിശ്വസിക്കുകയും ചെയ്തിരുന്നു.
കൂടാതെ വ്യത്യസ്ത സ്വതന്ത്ര ദൈവങ്ങള്‍ എന്നതിലുപരി പലദൈവങ്ങള്‍ കൂടിയ ഒരു ദൈവം എന്ന ദൈവ സങ്കല്പവും ഈജിപ്തിലുണ്ടായിരുന്നു എന്നതിനു തെളിവുകളുണ്ട്.

ഈജിപ്തിലെ ദൈവങ്ങളധികവും പ്രകൃതിവസ്തുക്കളാണു, ഫറോവയടക്കം. എന്നാല്‍ അഭൗതിക വസ്തുക്കളിലും അവര്‍ വിശ്വസിച്ചിരുന്നു എന്നതിന്ന് ചില തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.
BCE 13 നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ലീഡന്‍ ചുരുളുകളില്‍ (ഇന്നത് ഡച്ച് മ്യൂസിയത്തിലുണ്ട്) ദൈവത്തെ വര്‍ണ്ണിക്കുന്നതിങ്ങനെ-
അവനെല്ലാ ദേവന്മാരില്‍ നിന്നും പരോക്ഷന്‍ ,പ്രകേതമാകട്ടെ അറിവില്ലാത്തതും
ആകാശങ്ങളേക്കാളത്യുന്നതന്‍, ആഴിയേക്കാള്‍ അഗാതവും.

ഏകദൈവ വിശ്വാസത്തെ കുറിച്ച് ഇങ്ങിനെയുള്ള ചില ചുരുളുകളില്‍ നിന്നേ കണ്ടെത്താനാകൂ എന്നതാണു ഏത് കാലം മുതലാണു ഏകദൈവവിശ്വാസം രൂപപ്പെട്ടത് എന്നതിനെ പഠിക്കാന്‍ കഴിയാത്തതിന്റെ പ്രധാന തടസ്സമായി പുരാതന ഗവേഷകര്‍ മനസ്സിലാക്കുന്നത്.

ഇതൊക്കെയാണെങ്കിലും ഈജിപ്ത് അറിയപ്പെടുന്നത് അതിന്റെ ബഹുദൈവബാഹുല്യം കൊണ്ടാണു. എന്തിനെയെല്ലാം അവര്‍ ആരാധിച്ചിരുന്നു എന്നതിനേക്കാള്‍ എളുപ്പം എന്തിനെ അവര്‍ ആരാധിച്ചിട്ടില്ല എന്നു പറയുകയായിരിക്കും.
ആയിരത്തിയഞ്ഞൂറോളം ദേവീ ദേവന്മാരുടെ പേരുകളും ചിത്രങ്ങളുമുള്ള ഈജിപ്ത് ദൈവങ്ങളില്‍ മനുഷ്യരും മൃഗങ്ങളും പക്ഷികളും മിശ്രജീവികളുമെല്ലാമുണ്ട്.
ഏതാണു ഈജിപ്തിലെ ഏറ്റവും വലിയ ദൈവം ഉത്തരം ഒറ്റവാക്കിലൊതുങ്ങില്ല. കാരണം കൃസ്താബ്ദം നാലായിരത്തഞ്ഞൂറു വര്‍ഷങ്ങളില്‍ മാറിമറഞ്ഞവര്‍ നിരവധി- എങ്കിലും സൂര്യനെ നമുക്ക് മുന്നില്‍ പ്രതിഷ്ഠിക്കാം സൂര്യനില്‍(Atum) നിന്നും വായുവും(Shu) നീരാവിയും(Tefnut)-വായുവില്‍ നിന്നു ഭൂമി(Geb), നീരാവിയില്‍ നിന്നു ആകാശം(Nut). ഇങ്ങിനെ പോകുന്ന ഒരു ദേവ-ശൃംഖലയുണ്ട്.

റെ എന്ന ദൈവവും സൂര്യദൈവമാണു. തലയില്‍ ഒരു സൂര്യന്റെ അടയാളമാണു ഇതിന്റെ ചിത്രങ്ങളിലുള്ളത്, പല കാലങ്ങളിലും റെ- എന്നതിനോട് ചേര്‍ത്ത് പല പേരുകളിലും ഇതിനെ ആരാധിച്ചു പോന്നു.

ഈജിപ്തിലെ ദൈവങ്ങളുടെ ഒരു പ്രത്യേകത അത് വളരെ വിശദീകരിക്കപ്പെട്ടതാണെന്നാണു, ചിത്രാക്ഷരങ്ങള്‍ അഥവാ hieroglyphs ഓരോന്നിനെയും വേര്‍തിരിച്ചിരിക്കുന്നു, അവയുടെ കാലഘട്ടമെല്ലാം ഇങ്ങിനെ വേര്‍ത്തിരിക്കപ്പെട്ടിരിക്കുന്നു.

എങ്കിലും ദൈവങ്ങളുടെ അധികാരമെന്ത് എന്നതില്‍ പലപ്പോഴും ഇവ കുഴക്കുന്നുണ്ട്. എങ്കിലും സൂര്യദേവനാണു കൂടുതല്‍ കാലം ഏറ്റവും കരുത്തനായി ആരാധിക്കപെട്ടിരുന്നത്.

മാത്രമല്ല, ഫറോവമാര്‍ ദൈവങ്ങളോ ദൈവ പ്രതിനിധികലോ ആയിരുന്നു. മിക്ക ചുവര്‍ ചിത്രങ്ങളിലും ദൈവവും രാജാക്കന്മാരും കൂടെയിരിക്കുന്നതായും ഭക്ഷണം കഴിക്കുന്നതുമായെല്ലാം കാണാം. രാജാവിനെ അനുസരിക്കുക എന്നത് ദൈവത്തെ അനുസരിക്കുന്നതിന്നു സമമാക്കുവാന്‍ ഇതുകൊണ്ട് കഴിഞ്ഞു. ജീവിച്ച രാജാക്കന്മാര്‍ മാത്രമല്ല മരിച്ച രാജാക്കന്മാരും ആരാധിക്കപ്പെട്ടിരുന്നു.

ഈജിപ്ത് ആദ്യം ക്രൈസ്തവ റോമും പിന്നീട് ഇസ്ലാമും കീഴടക്കുന്നത് വരെ ഇവരെല്ലാം ദൈവങ്ങളായി നിലനിന്നു. റോമക്കാരാണു ഭരണപരമായി ഈ ദേവാലയങ്ങളെല്ലാം അടച്ചു പൂട്ടിച്ചത്.
പ്രമുഖ ദൈവങ്ങള്‍ക്കു പുറമെ പല പ്രേതാത്മാക്കളെയും ഈജിപ്തുകാര്‍ ആരാധിച്ചിരുന്നു. മിശ്രരൂപത്തിലുള്ള ചിത്രങ്ങള്‍ ഇവയിലുള്‍പ്പെടുന്നവയാണു.
ഏകദേശം BC 3000 ത്തോടെയാണു അമ്പലങ്ങളിലെ ആരാധനാ സമ്പ്രദായം തുടങ്ങിയതെന്നു കരുതുന്നു. സ്വാഭാവികമായും അമ്പലങ്ങളോടനുബന്ധിച്ച് ഒരു സമൂഹവും ആചാരങ്ങളും രൂപപ്പെട്ടു. അമ്പല ചുമരുകള്‍ ചിത്രാലംകൃതമായിരുന്നു. പിന്നീട് ഉത്സവങ്ങളും രൂപപ്പെട്ടു.
ഈജിപ്തിലെ വിവിധകാലങ്ങളില്‍ വിവിധ ദൈവങ്ങളായിരുന്നതിനാല്‍ തന്നെയും ഒരേ ദൈവത്തിനു വൈവിധ്യമാര്‍ന്ന രൂപങ്ങളുള്ളതിനാലും പല ചിത്രങ്ങളിലും ഇവ കാണപ്പെടും. ചില ചിത്രങ്ങള്‍ അടുത്ത പോസ്റ്റില്‍ കൊടുക്കുന്നതാണു.
ഈജിപ്ത് ദൈവങ്ങളിലെ ഏറ്റവും പഴക്കം ചെന്നതാനു ഹോറസ്- ഫാല്‍ക്കന്‍ അഥവാ ഹൊറു എന്ന പദത്തില്‍ നിന്നാണു ഹോറസ്- ഈജിപ്തിലെ രാജക്കന്മാരുടെ പേരുകള്‍ അഞ്ചു നാമങ്ങള്‍ ഉള്‍കൊള്ളുന്നതാണ്, അതിലെ ആദ്യത്തെത് ഹോറസിന്റെതായിരിക്കും. വിവിധയിനം ഹൊറസുകളുടെ ചിത്രങ്ങളുണ്ട്.



4000 BC പഴക്കമുള്ള ഒരു വിഗ്രഹം-
ബെര്‍ലിനിലെ ഈജിപ്ത്യന്‍
മ്യൂസിയത്തില്‍ നിന്നും
ചില ദൈവങ്ങളാകട്ടെ ഒന്നായി ഒരിക്കലുമുണ്ടാകില്ല. രണ്ട്, മൂന്ന്, അഞ്ച്, ആറ് തുടങ്ങിയ ഒരേ രൂപവും പിന്നെ കൂട്ടായുമെല്ലാം മാത്രം പ്രത്യക്ഷമാവുന്ന ചിത്രങ്ങളുണ്ട്. സമയവും ദൈവങ്ങലില്‍ പെടുന്നു, മണിക്കൂറുകള്‍, രാത്രി എല്ലാം ആരാധനാ ബിമ്പങ്ങളായി ഈജിപ്തില്‍. പന്ത്രണ്ട് മണിക്കൂറിനെയും ഓരോ ദൈവത്തെ ഏല്പ്പിച്ചു കളഞ്ഞു ഈജിപ്തുകാര്‍. ഇത് പക്ലിലെ പന്ത്രണ്ടും രാത്രിയെ മറ്റൊരു ദൈവവും എന്ന നിലയിലായിരുന്നു. മനുഷ്യരൂപമുള്ള ദൈവങ്ങള്‍-ദേവനും ദേവികളും, സസ്തനികള്‍, മൃഗങ്ങള്‍,ഉരഗങ്ങള്‍, മിശ്രരൂപമുള്ളവ തുടങ്ങി പല രൂപത്തിലുള്ള ദൈവങ്ങളെ കൊണ്ടും ആകെ നിറഞ്ഞു നില്‍ക്കുന്ന ഒരു ചിത്രമാണ് ദൈവങ്ങളെ തൊട്ടാല്‍ പുരാതന്‍ ഈജിപ്ത് നമുക്ക് തരിക. അവയില്‍ ചിലവയെ നമുക്ക് അടുത്ത് പോസ്റ്റില്‍ പരിചയപ്പെടാം

Thursday, May 13, 2010

പൗരാണികഈജിപ്തിന്റെ ബാക്കി പത്രങ്ങള്‍



പേപ്പറിന്റെ ചരിത്രവും പേരുമുത്ഭവിക്കുന്നത് പപിറസ്(papyrus) എന്നതില്‍ നിന്നാണു, ഇതൊരു ചെടിയുടെ പേരാണ്. ഈജിപ്ത് പുരാവസ്തു ഗവേഷകര്‍ BC 4000 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള രേഖകള്‍ ഈ ചെടിയില്‍ നിന്നും നിര്‍മിച്ചെടുത്ത രേഖകളില്‍ നിന്നു ക്ണ്ടെത്തിയിട്ടുണ്ട്. അതായത് പേപറിന്റെ ചരിത്രവും ഈജിപ്തിന്റെ ചരിത്രമാണു. ഈജിപ്തിലെ ആദ്യ കാല ചരിത്രങ്ങളുടെ വിവരങ്ങള്‍ നല്‍കുന്നതില്‍ പേപറസികളുടെ സംഭാവന വളരെ കൂടുതലാണു.

ഇതുപയോഗിച്ച് എഴുതിയ ചുരുളുകളെയും ഇതേപേരിലാണറിയപ്പെടുന്നത്, പഴയകാല പേപ്പര്‍ തന്നെ






അക്ഷരങ്ങളെ പ്രതിനിധീകരിക്കുന്ന ഗ്രാഫിക് ചിത്രങ്ങളെയാണു ഹീറോളജി (Hieroglyph) എന്നു വിളിക്കുക. പുരാതന ചരിത്ര പഠനത്തില്‍ ഇവയുടെ വായിച്ചെടുക്കല്‍ ഒരു വലിയ പങ്കു വഹിക്കുന്നു. ഓരോ ചിത്രങ്ങളും ഓരോ കഥകളെ പ്രതിനിധീകരിക്കുന്നു, ഒരു ചരിത്രത്തെയും.




(Hieroglyph)






ഈ ചിത്രങ്ങളിലൂടെയാണു ഈജിപ്തിന്റെ ചരിത്രം വായിച്ചെടുക്കുന്നത്. മാത്രമല്ല, വളരെ പഴയ രാജാക്കന്മാരുടെ പ്രതിമകളും ചിത്രങ്ങളും നമുക്ക് ലഭ്യമാണു. ലോകത്തിലെ പല മ്യൂസിയങ്ങളിലായി അവ ചരിത്രത്തിനു സാക്ഷ്യം വഹിക്കുന്നു.


ടെമ്പിള്‍ ചുമര്‍ചിത്രങ്ങള്‍, പാത്രങ്ങളില്‍ നിന്നു കിട്ടിയവ, ചുരുകളിലെ അക്ഷരങ്ങള്‍, ശവകുടീരങ്ങളിലെ ചിത്രങ്ങളും രേഖകളും തുടങ്ങി നിരവധി രേഖകളുടെ സഹായത്തോടെയാണു പഴയ ചരിത്രങ്ങള്‍ കണ്ടെത്തുക. അതിനാല്‍ അവയില്‍ ചിലവയെല്ലാം ഞാനിവിടെ എടുത്ത് കൊടുക്കുന്നുണ്ട്.








പുരാതന ലിപികളടങ്ങിയ ഒരു ടെമ്പിള്‍ ചുമര്‍ചിത്രം











ഈജിപ്തിലെ ഒന്നാമത് രാജകുടുമ്പത്തിന്റെ (3100-BC) തന്നെ അവശിഷ്ടങ്ങള്‍ ലഭ്യമാണെന്നത് ഒരു അത്ഭുതം തന്നെയാണു. കേരള ചരിത്രത്തിലെ രണ്ടാം ചേര രാജവംശത്തിന്റെ ഒരു ചരിത്രാവിശിഷ്ടവും ലഭ്യമല്ല എന്നിടത്ത് ഇത് ചേര്‍ത്തു വായിക്കുക. അക്ഷരങ്ങളേക്കാള്‍ ചിത്രങ്ങളും ചെറു വിവരണങ്ങളും കൂടുതല്‍ സം‌വദിക്കുമെന്നതിനാല്‍ ഈ ഭാഗങ്ങളില്‍ ഞാനവയുടെ സഹായം കൂടുതല്‍ തേടുന്നുണ്ട്.






പ്രാരംഭ രാജഭരണകാലഘട്ടത്തിലെ ആഭരണങ്ങള്‍- വലത്ത് - പാത്രങ്ങളിലെ ചിത്രങ്ങള്‍


Wednesday, May 12, 2010

ഈജിപ്തെന്ന അത്ഭുതനിധി

ഈജിപ്തെന്ന അത്ഭുതനിധിപുരാതന ഈജിപ്തിന്റെ ചരിത്രം, ഏതൊരു ചരിത്ര വിദ്യാര്‍ത്ഥിക്കാണു അമ്പരപ്പുണ്ടാക്കാതിരിക്കുക, എത്ര പറഞ്ഞാലും നൈല്‍ നദിയില്‍ നിന്നു മുക്കിയെടുക്കുന്ന ഒരു കോപ്പവെള്ളം മാത്രമാവുകയെ ഉള്ളൂ, അത്ര മാത്രം ചരിത്രാവിശിഷ്ടങ്ങളാണു നൈല്‍ നദീ തടം നമുക്കു ബാക്കി തന്നിട്ടുള്ളത്, ഈ പോസ്റ്റിന്റെ ആദ്യഭാഗം അല്പം പ്രയാസകരമായിരിക്കും വായിച്ചു പോകാന്‍, നമ്മോട് ബന്ധമില്ലാത്ത കുറേ രാജവംശങ്ങളുടെ തുടര്‍ച്ചയായ പേരുകള്‍ ആവര്‍ത്തിക്കുന്നത് വായനക്ക് മടുപ്പുളവാക്കും. എങ്കിലും ചരിത്രത്തിന്റെ ഒരു മതില്‍കെട്ടു പൊട്ടിച്ചാല്‍ ചരിത്രം നമ്മെ അത്ഭുതങ്ങളിലൂടെ കൊണ്ടു പോകും. അതിനാല്‍ രാജവംശങ്ങളുടെ പേരുകളെ ഒന്നവഗണിച്ചാലും ഈജിപ്തിന്റെ ഇന്നലെകളിലൂടെ നമുക്കു നീങ്ങാം.
നമ്മുടെ പഴയകാല രാജാക്കന്മാരായ മാനവിക്രമന്‍ എന്നല്ലാം ഒരു വിദേശി കേള്‍ക്കുമ്പോഴുണ്ടാകുന്ന പ്രശ്നമായി ഇപ്പേരുകളെയും ഗണിച്ചാല്‍ മതി. ഇവ കേവലം ചില വാക്കുകളല്ല, എല്ലാ പേരുകള്‍ക്കും പുരാതന ഈജിപ്ത് ഭാഷയില്‍ അര്‍ത്ഥങ്ങളുണ്ട്. ഉദാഹരനത്തിനു മോശയുടെ കാലത്ത് ഈജിപ്ത് ഭരിച്ചിരുന്ന റമെസ്സെസ് എന്ന ഫറോവയുടെ പേരിന്നര്‍ത്ഥം റേ-യാല്‍ ജനിച്ചവന്‍ എന്നാണു.

വളരെ കുറഞ്ഞ മഴലഭിക്കുന്ന ഈജിപ്ത് പക്ഷെ, കൃഷിയാല്‍ സമ്പുഷ്ടമാണു. ആഫ്രിക്കന്‍ കാടുകളിലൂടൊഴുകി വരുന്ന നൈല്‍ ഈജിപ്തിന്റെ തീരങ്ങളെ സമ്പുഷ്ടമുള്ളതാക്കി ലോകചരിത്രത്തിനു അത്ഭുതങ്ങള്‍ നല്‍കിയിരിക്കുന്നു.


ഈജിപ്തിലെ കാര്‍ഷിക ദൃഷ്യങ്ങള്‍


ഈജിപ്തിലെ പല പുരാതനാവശിഷ്ടങ്ങളും ഒരു കാലത്ത് വിലപനച്ചരക്കായിരുന്നു. അബ്രഹാമിന്റെ സുവിശേഷം തന്റെ കയ്യിലുണ്ടെന്ന് അവകാശപ്പെട്ടു മൊര്‍മോണ്‍ എന്ന മതം സ്ഥാപിച്ച ജോസഫ് സ്മിത് 1835-ല്‍ മൈക്കല്‍ ചന്ദ്ലലര്‍ എന്ന ഒരു പുരാവസ്തു വില്പനക്കാരന്റെ കയ്യില്‍ നിന്നും ഈജിപ്ത്യന്‍ മമ്മികളും കുറേ പഴയകാല ചുരുകളും ന്യൂയോര്‍ക്കില്‍ വച്ചു വാങ്ങി എന്ന വായിക്കുമ്പോള്‍, അതിന്റെ അടിസ്ഥാനത്തിലായി തന്റെ ചര്‍ച്ചിന്റെ ഗ്രന്ഥങ്ങള്‍ രൂപപ്പെടുത്തി എന്നു മനസ്സിലാക്കുമ്പോള്‍ അത്ഭുതപ്പെടാതിരിക്കാനാവില്ല.എന്നിട്ടു പോലും ഏതൊരു നാഗരികസംസ്കാരങ്ങളേക്കാളും ഇന്നും ഈജിപ്തിന്റെ അവശിഷ്ടങ്ങള്‍ ബാക്കിയായി നില്‍ക്കുന്നു.

ലോകത്തൊരിടത്തും ഇത്ര സമ്പന്നമായ ഒരു ചരിത്ര രേഖയില്ലെന്നു നിസ്സംശയം പറയാം.

കൃസ്താബ്ദം 4500 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചരിത്രരേഖകള്‍ തുടങ്ങി പല രാജവംശത്തിന്റെയും ശേഷിപ്പുകള്‍ ലോകത്തിനു നല്‍കിയ ഒരു ഭൂമിയിലൂടെ സഞ്ചരിക്കുമ്പോള്‍ ഏതൊരു ചരിത്ര വിദ്യാര്‍ത്ഥിക്കും അല്പം രോമാഞ്ചമണിയാതിരിക്കുക വയ്യ. ഏതൊരു രാജ്യത്തിന്റെ ചരിത്രവും അവിടുത്തെ ഭരണാധികാരിയുടെ ചരിത്രമാണു. അതിനാല്‍ കാലഘട്ടം ഈജിപ്തിനെ ചരിത്രത്തെ വിഭജിക്കുന്നത് എങ്ങിനെയെന്നു നോക്കാം. മൂപ്പതോളം രാജവംശങ്ങള്‍ (Dynasty) ഈജിപ്തിന്റെ ഭരണാധിപന്‍മാരായിരുന്നത് നമുക്ക് കാണാം, അവയെ പത്തോളം കാലഘട്ടമായി ചരിത്രകാര്‍ വിഭജിച്ചിരിക്കുന്നു.

താഴെ കൊടുത്തിരിക്കുന്ന പട്ടിക പിന്നീടുള്ള വായനക്ക് ഒരു സൂചികയായിരിക്കും. പലപ്പോഴും കൂടുതല്‍ വിശദീകരണങ്ങളും കാലഘട്ടങ്ങളും മനസ്സിലാക്കുന്നതിന്നു ഒരു ഒറ്റനോട്ടത്തിനു. അതിനാല്‍ താഴെയുള്ള പട്ടിക മനസ്സിലായില്ലെങ്കിലും പിന്നീടുള്ള വായനക്ക് ഒരുപകാരമായിരിക്കും.

ഇതില്‍ ബൈബിളിന്റെ ചരിത്രവുമായി ഈജിപ്ത് ബന്ധപ്പെടുന്ന മൂന്നു സംഭവങ്ങളുണ്ട്, അവ ഇബ്രാഹീം നബിയുടെ യാത്രാമദ്ധ്യേയുള്ള താമസം, പിന്നീട് യൂസഫ് നബിയുടെ ഈജിപ്തിലേക്കുള്ള കുടിയേറ്റം, അതിലൂടെ യാക്കോബിന്റെ മക്കളെല്ലാം ഈജിപ്തിലെത്തുകയാണു, അതിന്നു ശേഷം മൂസാനബിയുടെ അഥവാ മോശയുടെ കാലത്തുള്ള പാലായനം. ഇവ ഏതെല്ലാം കാലത്താണെന്നു പഠിക്കുവാനും ഈ പട്ടിക ഉപകരിക്കും.

രാജകുടുമ്പം
കാലം(BC)
ചില രാജാക്കന്മാരുടെ പേരുകള്‍
പ്രാരംഭ രാജഭരണം
1-മത് രാജകുടുമ്പം
3080 - 2860
നര്‍മെര്‍,അഹ,ഡെന്‍, അഞിബ്,സെമര്‍ഖത്ത്
2-മത് രാജകുടുമ്പം
2860 - 2727
Hotepsekhemwi, നെബ്രെ, വെനെഗ്, ആക,
പുരാതന രാജഭരണം
3-മത് രാജകുടുമ്പം
2727 - 2655
സനഖ്ത്, ദ്ജോസര്‍, സെഖെംഖത്, ഖബ, ഹുനി
4-മത് രാജകുടുമ്പം
2655 - 2484
സ്നെഫ്രു, ഖുഫു, ജെദ്ഫ്രെ, ഖഫ്രെന്‍, ബക
5-മത് രാജകുടുമ്പം
2484 - 2336
വെസര്‍കഫ്,സഹുരെ, കകൈ, നെഫ്രെരെ, ഉനസ്
6-മത് രാജകുടുമ്പം
2336 - 2175
റ്റെറ്റി, വെസെര്‍ കരെ, പെപി, മെറെന്രെ,നെഫര്‍
ഒന്നാമത്തെ ഇടക്കാല ഘട്ടം
7-മത് രാജകുടുമ്പം
2175 - 2165
നെറ്റ്ജെരികരെ, മെങ്കരെ, നെഫര്‍കരെ, നെഫെര്‍കരെ നെബി, നെഫര്‍കഹൊര്‍
8-മത് രാജകുടുമ്പം
2165 - 2140
നഫെര്‍കരെ പപ്സിനെബ,വദ്ജെകരെ,ഇറ്റി, ഹോറ്റെപ്
9-മത് രാജകുടുമ്പം
2140 - 2100
ഖെറ്റി-1/2/3/4. നെഫെര്‍കരെ 3, ഷെഡ്
10-മത് രാജകുടുമ്പം
2100 - 2017
ഖെതി 5/6/7 , മെറി, മെറികറെ,
11-മത് രാജകുടുമ്പം
2130 - 1983
ഇന്റെഫ്1/2/3/4 , മെന്റുഹൊടെപ്, ഇന്റെഫ് കകരെ
മധ്യകാല രാജഭരണം
11-മത് രാജകുടുമ്പം
2040-1674

12-മത് രാജകുടുമ്പം
1983 - 1778
അമെനെംഹത് 1/2/3/4 , സിസൊസ്റ്റ്രിസ്1/2,
രണ്ടാമതു ഇടക്കാല ഭരണം
13-മത് രാജകുടുമ്പം
1776 - 1625
ഉഗഫ്,അമെനെംഹത് സെന്‍ബഫ്,സെക്കെമ്രെ ഖുതെവി, അമെനെംഹത് 5, അമെനി കമെവ്, സെത്, ഇബി, ആകെനി, സഹതൊര്‍
14-മത് രാജകുടുമ്പം
1710 - 1590
നഹെസി,ഖതിറെ,നെബ്ഫറ്റുരെ,സെഹെബ്രെ,മെരിദ്ജെഫ്രെ
15-മത് രാജകുടുമ്പം
1624 - 1514
സലിറ്റിസ്,ബ്നോന്‍,യഖൊബെര്‍,ഖിഅന്‍,അപൊപി
16-മത് രാജകുടുമ്പം
1620 -1540
അനത് ഹെര്‍, അപര്‍ ഹെനത്, സെംഖന്‍,യാം,അമു
17-മത് രാജകുടുമ്പം
1619 - 1534
ഇന്റെഫ്-5 , റഹൊടെപ്,ദ്ജെഹുടി, മെന്റുഹോറ്റെപ്7,നിബിര്വൊ1/2
നവീന രാജഘട്ടം
18-മത് രാജകുടുമ്പം
1534 - 1292
ജഹ്മെസ്,അമെനൊഫിസ്1/2 ,തുത്മൊസിസ്1/2/3/4, ഇയ2
19-മത് രാജകുടുമ്പം
1293 - 1188
റമെസ്സെസ്1/2 ,സെറ്റി1/2 , മെരെന്‍പ്ത്,അമെന്മൊസെ, സിപ്ത, തവെസെരെറ്റ്
20-മത് രാജകുടുമ്പം
1188 - 1069
സെത്നക്ത്, റമെസ്സെസ്-3/4/5/6/7/8/9/10/11
മൂന്നാമത് ഇടക്കാല ഘട്ടം
21-മത് രാജകുടുമ്പം
1070 - 945
സ്മെന്ദെസ്-1 , അമെനെമൊസ്, സെന്നെസ്1/2 ,അമെനെമൊപെറ്റ്, ഒസൊഖൊര്‍,സൈമുന്‍,
22-മത് രാജകുടുമ്പം
945 - 715
ഷെഷോന്‍ഖ്,നിംല്ലെറ്റ്,ഒസൊര്‍ഖൊന്‍,ഹൊര്‍സീസി,പമി
23-മത് രാജകുടുമ്പം
818 - 715
ഇഉപുറ്റ് , റുദമൊന്‍,ഷിഷോങ്ഖ്,നിംലൊറ്റ്,ടകെലൊറ്റ്, ഒസൊരൊകൊന്‍
24-മത് രാജകുടുമ്പം
727 - 715
ടെഫ്നഖ്റ്റ്,ബകെന്രെനഫ്, പദിനെംറ്റി
25-മത് രാജകുടുമ്പം
750-730
അലുല, കഷ്ത,
അവസാന രാജഘട്ടം
25-മത് രാജകുടുമ്പം
730 - 656
പിയെ,ഷബക, തഹര്‍ക, നഫ്രകരെ
26-മത് രാജകുടുമ്പം
664 - 525
അമ്മെറിസ്, സ്റ്റീഫനിറ്റെസ്, നെക്കോബ്,നെക്കോ-1.2., സ്പാമെറ്റിക്-1.2.3 ., അപ്രീസ്,അമാസിസ്,
ആദ്യ പേര്‍ഷ്യന്‍ ഘട്ടം
27-മത് രാജകുടുമ്പം
525 - 404
കംബിസെസ്-2, പെറ്റുബസ്റ്റിസ്-3, ദാരിഅസ്-1, ക്സെര്‍ക്സെസ്-1,ഇനാരസ്,
അവസാന രാജഘട്ടം
28-മത് രാജകുടുമ്പം
404 - 399
അമര്‍ത്ത്യാവുസ്
29-മത് രാജകുടുമ്പം
399 - 380
നെഫ്രോദ്-1,മുതിസ്,സമ്മുത്തിസ്,അക്കോരിസ്, നെഫ്രോദ്-2
30-മത് രാജകുടുമ്പം
380 - 342
നെക്റ്റാനിബോ 1, ടിയോസ്, നെക്റ്റാനിബോ 2

343-332
രണ്ടാം പേര്‍ഷ്യന്‍ ഭരണം

332-395 CE
ഗ്രീക്കുകാരും റോമക്കാരും






ഈജിപ്തിലെ വിശ്വാസങ്ങള്‍ ആചാരങ്ങള്‍ അവയുടെ കാലങ്ങള്‍ എന്നിവ അടുത്ത പോസ്റ്റിലാകം